Tuesday, 21 October 2014

മുഖം മിനുക്കി നോട്ടുബുക്കുകൾ

വിവിധ വിദ്യാലയങ്ങളിലെ വ്യത്യസ്തതരത്തിൽ നോട്ടുബുക്കുകൾ ആകർഷകമാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എല്ലാ ക്ളാസിലെയുംനോട്ടുബുക്കുകൾ ആകർഷകമാക്കാനുള്ള ശ്രമം ഞങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മാതൃകയായി കണ്ട നോട്ടുബുക്കുകൾ മനോഹരമായിരുന്നുവെന്കിലും അവയിൽ   കുട്ടികൾ തയാറാക്കിയ വ്യവഹാരരൂപങ്ങൾ അത്ര ആകർഷകമായിത്തോന്നിയില്ല. ചിത്രങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നതിൽ മാത്രമായി ശ്രദ്ധിച്ചെന്നുതോന്നി. അതുകൊണ്ട്  വ്യവഹാരരൂപീകരണത്തിനു പ്രാധാന്യം നൽകി ചിത്രങ്ങൾ കുട്ടികൾ  വരച്ചുചേർക്കുകയെന്നതാണ് ഞങ്ങൾ ലക്ഷ്യം വെച്ചത്.
ചിത്രങ്ങൾ വെട്ടി ഒട്ടിക്കാതെ എല്ലാം തന്നെ തങ്ങളാൽ ആകും വിധം കുട്ടികൾ വരയ്ക്കുന്നു.ഓരോ പേജിൻെറയും ബോർഡറുകളും വരച്ചു ഭംഗിയാക്കുന്നു.
ചിത്രങ്ങൾ വരച്ച് നിറം നൽകുന്നതിനൊപ്പം തന്നെ കുട്ടികൾ തയാറാക്കുന്ന വ്യവഹാരരൂപങ്ങളും മികച്ചതാകാൻ ശ്രദ്ധ പുലർത്തുന്നു.


ഒന്നാം ക്ളാസ്







നാലാം ക്ളാസ്























Wednesday, 15 October 2014

ഇന്നത്തെ കറി ഞങ്ങളുടെ വക

കൃഷിക്ക് ഇന്നത്തെ പാഠ്യപദ്ധതിയിൽ പ്രമുഖസ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിച്ചുുവരുന്നത് പ്രകടമാണ്.വരുംതലമുറയെ നഷ്ടമായ കാർഷികസംസ്കാരത്തിലേക്ക് തിരികെയെത്തിയ്ക്കാനുള്ള ഈ പരിശ്രമം ഫലപ്രാപ്തിയിലെത്തുമെന്നു തന്നെ കരുതാം.   വെള്ളപ്പൊക്കം കഴിഞ്ഞ് തീർത്തും നശിച്ചുപോയ തോട്ടത്തിൽ ഞങ്ങൾ പ്രതീക്ഷയോടെ വീണ്ടും വിത്ത് പാകി.മുളച്ചുപൊങ്ങിയ ചീരത്തൈകളെ കുട്ടികൾ ശ്രദ്ധയോടെ പരിപാലിച്ചു. വെള്ളമൊഴിയ്ക്കാനും കീടങ്ങളെ നശിപ്പിയ്ക്കാനും അവർ ശ്രദ്ധ പുലർത്തി.സ്ക്കൂളിലെത്തിയാൽ ആദ്യം ചീരത്തൈകളുടെ അടുത്തേയ്ക്ക് അതായി പതിവ്.ഒടുവിൽ വിളവെടുക്കാൻ സമയമായി.   അവർ തന്നെ ചീര മുറിച്ച് കറി തയാറാക്കാൻ നൽകി.




























"നമ്മുടെ ചീരയ്ക്ക് നല്ല സ്വാദ് അലേ്ല ടീച്ചറേ" ആ ചോദ്യത്തിൽ നിന്നറിയാം സ്വയം കൃഷി ചെയ്തതിൻെറ അഭിമാനവും സന്തോഷവും.

Friday, 10 October 2014

വായന വളരട്ടെ വിദ്യാലയത്തിലൂടെ

                                       വായന മരിക്കുന്നുവെന്ന് ആവലാതിപ്പെടുമ്പോഴും വായനയുടെ വേരുകൾ വളർത്താനുള്ള പരിശ്രമങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ  ഉണ്ടാവേണ്ടതാണ്.എല്ലാവരും നന്നായി വായിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം വായനയ്ക്കു പ്രാധാന്യം നൽകി വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.സ്ക്കൂളിൽവെച്ചു തന്നെയുള്ള വായനയാണ്ഫലപ്രദമെന്ന് തിരിച്ചറിഞ്ഞ് ഉച്ചസമയത്തെ ഇടവേളയിൽ വായനാപ്രവർത്തനങ്ങൾ നടത്തി.



ക്ളാസ്മുറിയിലെ വായനാമൂലയിൽ നിന്ന് കുട്ടികൾ തന്നെ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും നാലാം ക്ളാസുകാർ വായനാക്കുറിപ്പുകൾ  തയാറാക്കാനുമാണ് ആവശ്യപ്പെട്ടത്.ആദ്യദിവസങ്ങളിൽ ഒന്ന്,രണ്ട് ക്ളാസുകളിലെ കുട്ടികൾക്ക് അധ്യാപകർ വായിച്ചുകൊടുത്തു. മൂന്ന്,നാല് ക്ളാസുകളിലെ കുട്ടികൾക്ക് അധ്യാപകർ പുസ്തകങ്ങൾ തെരഞ്ഞെടുത്തുനൽകി.വായനയിൽ പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ട സഹായം നൽകി.

എന്നാൽ ഈ പ്രവർത്തനം വളരെപ്പെട്ടെന്ന് തന്നെ കുട്ടികൾ ഏറെറടുത്തു. കുട്ടികൾ സ്വയം പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും വായിയ്ക്കാനും വായനാക്കുറിപ്പുകൾ തയാറാക്കാനും  തുടങ്ങി.







കൊച്ചുകുട്ടികൾക്ക് മുതിർന്ന കുട്ടികൾ വായിച്ചുകൊടുക്കാനും തുടങ്ങി.
 

നാലാം ക്ളാസുകാർ തയാറാക്കുന്ന വായനാക്കുറിപ്പുകൾ അസംബ്ളിയിൽ പുസ്തകത്തോടൊപ്പം പരിചയപ്പെടുത്തുന്നത് അവർക്കു വലിയ പ്രോത്സാഹനമായി.മികച്ച വായനാക്കുറിപ്പുകൾക്ക് സമ്മാനം നൽകുന്നത് വായനയിലുള്ള താല്പര്യത്തെ അല്പം കൂടി വർദ്ധിപ്പിച്ചെന്നു തോന്നുന്നു.




                        പുസ്തകങ്ങളെ അറിവിൻെറ അക്ഷയഖനികളായി കാണാനും വായനയുടെ ലോകത്തെ ആസ്വാദ്യകരമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Thursday, 9 October 2014

കടലാസിൽ കരവിരുതൊരുക്കി കുരുന്നുകൾ

ഒറിഗാമി ക്ളാസ്റൂം പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സാധാരണ നടക്കാറുള്ളത്.സ്കൂളിലെ കലാപഠനപ്രവർത്തനങ്ങളുടെ ഭാഗമായി കടലാസുകൊണ്ട് മീൻ ഉണ്ടാക്കാൻ പഠിപ്പിക്കാൻ തീരുമാനിച്ചു.കുട്ടികൾ പ്ളാസ്ററിക്ക് കൊണ്ട് പൂക്കളും മററുമുണ്ടാക്കാൻ പഠിച്ചശേഷം കടലാസുമീനെ ഇഷ്ടപ്പെടുമോയെന്നൊരു സംശയം.നിറം നൽകിയ കടലാസുമീനെ കണ്ടപ്പോൾ എല്ലാർക്കും പഠിക്കണം.രണ്ടുതവണ കണ്ടപ്പോഴേ കുട്ടികൾ പഠിച്ചു.സ്വയം ഉണ്ടാക്കിക്കഴിഞ്ഞു.പിന്നെ മീനെ പരസ്പരം കാണിച്ചു കുറവുകളൊക്കെശരിയാക്കി.സ്കെച്ച് പേന കൊണ്ട് കണ്ണും ചെതുമ്പലുമൊക്കെ വരച്ച് ഭംഗിയാക്കി.
പിന്നെയത് ഉയർത്തിക്കാട്ടിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷം.ഒത്തിരി മീനുകൾ ഒന്നിച്ചു നീന്തുന്ന പോലെ.......................